ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കീഴടക്കുകയെന്ന തന്റെ ജീവിതാഭിലാഷത്തിലേക്ക് ഒരു പടികൂടി അടുത്തുവെച്ച് കൊടുങ്ങല്ലൂർ സ്വദേശി നബീൽ. എവറസ്റ്റ് ദൗത്യത്തിനായുള്ള കഠിനമായ പരിശീലനങ്ങൾക്കിടയിലാണ് റഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് (18,510 അടി) ഈ മുപ്പത്തിമൂന്നുകാരൻ വിജയകരമായി കീഴടക്കിയത്.
എറിയാട് പേബസാർ സ്വദേശിയായ കാട്ടുപറമ്പിൽ നബീൽ ഒരു സാധാരണ മത്സ്യത്തൊഴിലാളിയാണ്. പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും തന്റെ ഇച്ഛാശക്തികൊണ്ട് നേരിട്ടാണ് നബീൽ ഈ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
6 വർഷത്തെ കഠിനാധ്വാനവും ആത്മസമർപ്പണവും
കഴിഞ്ഞ 6 വർഷമായി തുടരുന്ന കഠിനപ്രയത്നവും അർപ്പണബോധവുമാണ് നബീലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ഇന്ത്യയിലെ വിവിധയിടങ്ങളിൽ വിജയകരമായി ട്രക്കിങ് പൂർത്തിയാക്കിയ നബീലിന് അടുത്തിടെയാണ് റഷ്യയിലെ മൗണ്ട് എൽബ്രസ് കയറാനുള്ള അനുമതി ലഭിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികളെ വകവെക്കാതെ, തനിക്ക് പിന്തുണയുമായി കൂടെനിന്ന ഒട്ടനവധി നല്ല മനസ്സിന്റെ ഉടമകളാണ് തന്നെ റഷ്യയിലെത്തിച്ചതും ഈ നേട്ടം സാധ്യമാക്കിയതും എന്ന് നബീൽ നന്ദിയോടെ സ്മരിക്കുന്നു. സാധാരണക്കാരായ ആർക്കും വലിയ സ്വപ്നങ്ങൾ കാണാമെന്നും, കഠിനാധ്വാനത്തിലൂടെ അവ നേടിയെടുക്കാമെന്നും നബീലിന്റെ വിജയം തെളിയിക്കുന്നു.
കൊടുങ്ങല്ലൂരിന്റെയും കേരളത്തിന്റെ ആകെയും അഭിമാനമായി മാറിയ നബീലിന് എവറസ്റ്റ് ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ kodungallurnews.com-ന്റെയും വായനക്കാരുടെയും ഹൃദയം നിറഞ്ഞ ആശംസകൾ!








