തിരിച്ചെത്തിയ പ്രവാസി കേരളീയരുടെ ദീർഘകാലത്തെ ആവശ്യമായ നോർക്ക ഐ.ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്തിനകത്ത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവാസികളായിരുന്ന കേരളീയർക്കായി ‘നോർക്ക റിട്ടേണീ ഐ.ഡി കാർഡ്’ എന്ന പേരിലാണ് തിരിച്ചറിയൽ കാർഡ് നൽകുന്നത്. കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം തിരിച്ചെത്തിയ കേരളീയർക്കാണ് ഈ കാർഡിന് അർഹതയുള്ളത്.
- രജിസ്ട്രേഷൻ ആരംഭിക്കുന്നത്: ഇതിനായുള്ള വെബ് പോർട്ടൽ നാളെ (ഒക്ടോബർ 8) രാവിലെ 11 മണി മുതൽ ലഭ്യമാകും.
- അപേക്ഷിക്കുന്ന വിധം: നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും സംസ്ഥാനത്തെ മൂവായിരത്തിലധികം വരുന്ന അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം.
- ഫീസും കാലാവധിയും: മൂന്നുവർഷത്തെ കാലാവധിയുള്ള ഐ.ഡി കാർഡിന് 200 രൂപയാണ് ഫീസ്.
- പ്രത്യേക സഹായ കേന്ദ്രം: എൻറോൾമെന്റിനായി നോർക്ക റൂട്ട്സ് ആസ്ഥാനമായ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രത്യേകം സഹായ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.
- ഇ-കാർഡ് ലഭ്യമാകുന്ന വിധം: എൻറോൾമെന്റിനു ശേഷം രേഖകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാകുമ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഇ-കാർഡുകൾ ലഭ്യമാകുന്നതാണ്.
📄 ആവശ്യമായ രേഖകൾ:
പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവയ്ക്കൊപ്പം പ്രവാസി ആയിരുന്നതിനുള്ള തെളിവ് കൂടി നൽകേണ്ടതാണ്. വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ ആയിരുന്നു എന്നത് തെളിയിക്കുന്നതിനായി താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം:
- കാലാവധി കഴിഞ്ഞ നോർക്ക പ്രവാസി ഐ.ഡി കാർഡ് / പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്.
- വിദേശത്തായിരുന്നവർക്ക് പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ (ആദ്യ വിസയുടെയും അവസാന വിസയുടെയും) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- കേരളത്തിന് വെളിയിൽ മറ്റു സംസ്ഥാനങ്ങളിലായിരുന്നവർക്ക് കാലാവധി കഴിഞ്ഞ എൻ.ആർ.കെ ഐ.ഡി കാർഡ് / പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്.
- രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസി കേരളീയനായി കഴിഞ്ഞുവെന്നും തിരിച്ചുവന്ന് ഇപ്പോൾ കേരളത്തിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസർ / തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി / പ്രസിഡന്റ് / ഗസറ്റഡ് ഓഫീസർ / നിയമസഭാംഗം / പാർലമെന്റ് അംഗം എന്നിവരിൽ ആരിൽ നിന്നെങ്കിലും ലഭിച്ച സാക്ഷ്യപത്രം.
English Summary: The Kerala government has launched the ‘NORKA Returnee ID Card’ for non-resident Keralites who have returned after a minimum of two years abroad or in other states. The online registration portal opens tomorrow at 11:00 AM, and applications can be submitted via the Norka Roots website or Akshaya centers. The 3-year validity card costs ₹200, and applicants must provide proof of their previous residency along with standard identification documents.








