മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണിക്കായി ഒക്ടോബർ 28 മുതൽ നവംബർ 6 വരെ അടയ്ക്കുന്നതിന്റെ ഭാഗമായി ആലുവയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി വിമാനത്താവളത്തിലേക്കു (സിയാൽ) പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം മനസ്സിലാക്കി യാത്ര നേരത്തേ തുടങ്ങണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രധാന ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും:
- തൃശൂരിൽ നിന്ന് എറണാകുളത്തേക്ക്: തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ (ടിപ്പർ, കണ്ടെയ്നർ ലോറികൾ, ഗ്യാസ്/പെട്രോളിയം ടാങ്കറുകൾ ഉൾപ്പെടെ) ഇരിങ്ങാലക്കുടയിൽ നിന്ന് തിരിഞ്ഞു കൊടുങ്ങല്ലൂർ, പറവൂർ, ചേരാനല്ലൂർ സിഗ്നൽ റോഡ് വഴി പോകണം.
- തൃശൂരിൽ നിന്ന് ആലുവയിലേക്ക്: തൃശൂർ ഭാഗത്തു നിന്ന് ആലുവയിലേക്ക് വരുന്ന ഭാരവാഹനങ്ങൾ അങ്കമാലിയിൽ നിന്ന് തിരിഞ്ഞു കാലടി, പെരുമ്പാവൂർ റോഡ് വഴി പോകണം.
- എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന്: എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ ഇടപ്പള്ളിയിൽ നിന്ന് തിരിഞ്ഞു ചേരാനല്ലൂർ സിഗ്നൽ, പറവൂർ, കൊടുങ്ങല്ലൂർ റോഡ് വഴി പോകണം.
- കാക്കനാട് ഭാഗത്തു നിന്ന്: കാക്കനാട് ഭാഗത്തു നിന്ന് വരുന്ന ഭാരവാഹനങ്ങൾ കളമശേരി കണ്ടെയ്നർ റോഡ് വഴി പറവൂർ, കൊടുങ്ങല്ലൂർ റൂട്ടിൽ പോകണം.
- നിരോധനം: കളമശേരി, അങ്കമാലി ഭാഗങ്ങളിൽ നിന്ന് ഭാരവാഹനങ്ങൾ ആലുവ ഭാഗത്തേക്ക് കടത്തിവിടില്ല.
- വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്ന്: ഈ ഭാഗങ്ങളിൽ നിന്ന് ആലുവയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലൂർ ജംക്ഷനിൽ നിന്ന് തിരിഞ്ഞു യുസി കോളജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ എത്തി വലത്തേക്കു പോകണം. തിരിച്ചുള്ള വാഹനങ്ങൾ തോട്ടയ്ക്കാട്ടുകര ജംക്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു കടുങ്ങല്ലൂർ റോഡ് വഴി പോകണം.
- ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും: അങ്കമാലി, പറവൂർ ഭാഗത്തു നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കണം. മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഗതാഗതം അനുവദിക്കും.
- ആവശ്യമെങ്കിൽ ആലുവ നഗരത്തിലും പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകുന്നതാണ്.
English Summary: Traffic restrictions have been imposed in Aluva from October 28 to November 6 due to the maintenance work on the old Marthanda Varma bridge. Heavy vehicles are being rerouted through alternative paths, and passengers heading to the Cochin International Airport (Cial) have been advised to start their journeys early.







