തൃശൂർ വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പൊലീസിന്റെ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാലും, നിയമവുമായി പൊരുത്തപ്പെടാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.
വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് സലാം എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടം പരിശോധനയിലുമാണ് ഇത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായാണ് സലാം കൊല്ലപ്പെട്ടതെന്നും, ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മർദ്ദനത്തിൽ ഇയാളുടെ വാരിയെല്ലുകൾ തകരുകയും ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാത്രി സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് പ്രതികളും സലാമും തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികൾ സംഘം ചേർന്ന് ഡംബലും കല്ലും ഉപയോഗിച്ച് സലാമിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സലാം മരിച്ചെന്ന് ഉറപ്പായതോടെ ഇവർ മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ആർ. രതീഷ് കുമാർ, വലപ്പാട് സി.ഐ. പത്മരാജൻ, വാടാനപ്പള്ളി എസ്.ഐ ഉമേഷ്, എ.എസ്.ഐ അസീസ്, തൃശൂർ റൂറൽ ഷാഡോ പോലീസ് അംഗങ്ങളായ മിഥുൻ, ആർ. കൃഷ്ണ, പി.എം. ഷെമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടിയത്. ഒളിവിൽ കഴിയുന്നവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.
English Summary: Three suspects, including a native of Vadanappally named Bilal, have been arrested in connection with the murder of Salam at Vadanappally Fazal Nagar beach. The post-mortem confirmed it was a murder following a brutal assault with dumbbells and stones over a dispute on Tuesday night. A search is underway for two more absconding suspects, including a habitual offender named Binshad.








