മാനന്തവാടി: പത്മശ്രീ പുരസ്കാര ജേതാവും തനതു കാർഷിക രീതികളുടെയും പൈതൃക നെല്ലിനങ്ങളുടെയും കാവലാളുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ജൈവകൃഷി സംരക്ഷകനെന്ന നിലയിൽ രാജ്യത്തൊട്ടാകെ പെരുമ നേടിയ അദ്ദേഹം ‘വയനാടിന്റെ നെല്ലച്ഛൻ’ എന്നും അറിയപ്പെട്ടിരുന്നു. ഹൃദയധമനിയിലെ സ്റ്റെൻഡ് വാൽവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
- മാനന്തവാടി എടവക കമ്മനയിലെ ചെറുവയൽ കുറിച്യ തറവാട്ടിൽ 1952 ജൂൺ ആറിനാണ് അദ്ദേഹം ജനിച്ചത്. പത്താം വയസ്സിൽ അമ്മാവന്റെ കൈപിടിച്ച് പാടത്തിറങ്ങിയ അദ്ദേഹം പിന്നീട് കൃഷി ജീവിതവ്രതമാക്കുകയായിരുന്നു.
- അൻപതിലേറെ നെല്ലിനങ്ങൾ സംരക്ഷിക്കുകയും, പാരമ്പര്യമായി ലഭിച്ച അഞ്ചേക്കർ പാടത്ത് നാൽപതിലേറെ ഇനം നെല്ലിനങ്ങൾ കൃഷി ചെയ്യുകയും ചെയ്തു.
- കുന്നുംകുമ്പൻ, പെരുവക, കുങ്കുമശാലി, ഗന്ധകശാല, തൊണ്ടി, വെളിയൻ തുടങ്ങി നിരവധി അപൂർവ നെല്ലിനങ്ങളുടെ സംരക്ഷകനായിരുന്നു. രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെ പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി.
- ആർക്കും വിത്ത് നൽകുമെങ്കിലും, അടുത്ത വർഷം അത്രയും തന്നെ വിത്ത് തിരികെ തരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
- കാർഷിക മേഖലയിലെ മികവിന് 2023-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. കൂടാതെ നാഷണൽ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരവും, കേരള കാർഷിക സർവകലാശാലയുടെ പ്രഫസർ ഓഫ് പ്രാക്ടിസ് പദവിയും തേടിയെത്തിയിട്ടുണ്ട്. 2011-ൽ ഹൈദരാബാദിലും 2018-ൽ ബ്രസീലിലും നടന്ന രാജ്യാന്തര സമ്മേളനങ്ങളിൽ അദ്ദേഹം കേരളത്തെയും ഇന്ത്യയെയും പ്രതിനിധീകരിച്ചിട്ടുണ്ട്.
ഭൗതിക ശരീരം മാനന്തവാടിയിലെത്തിച്ച് വ്യാഴാഴ്ച രാവിലെ 11 വരെ കമ്മന സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് രണ്ടിന് കുടുംബ ശ്മശാനത്തിൽ സംസ്കരിക്കും. ഗീതയാണ് ഭാര്യ; രമണി, രമേശൻ, രാജേഷ്, രജിത എന്നിവരാണ് മക്കൾ.
English Summary: Padma Shri awardee and renowned traditional paddy conservationist Cheruvayal Raman passed away at the age of 74 while undergoing treatment at Kozhikode Medical College Hospital. Known widely as Wayanad’s ‘Nellachan’ (Father of Rice), he dedicated his life to organic farming and preserving over 50 rare and indigenous paddy varieties on his ancestral land. His funeral will be held at his family burial ground following public homage at Kammana School.





