കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ചാപ്പാറ പ്രദേശത്തെ തകർന്ന റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ചാപ്പാറ ജംഗ്ഷനിൽ നടന്ന സമരം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം. നാസ്സർ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ ചെയർമാൻ സി.എസ്. തിലകൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.എസ്. സാബു മുഖ്യപ്രഭാഷണം നടത്തി. പുത്തൻചിറ മുൻ പഞ്ചായത്ത് അംഗം വി.എ. നദീർ, പുല്ലൂറ്റ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ, നഗരസഭാ കൗൺസിലർ കവിത മധു, കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.പി. സുനിൽകുമാർ, നിഷാഫ് കുരിയപ്പിള്ളി, ട്രഷറർ പി. ദിലീപ്, ജനറൽ സെക്രട്ടറിമാരായ എ.ആർ. രാമദാസ്, പി.എൻ. മോഹനൻ, ടി.കെ. ലാലു, പോളി വിതയത്തിൽ തുടങ്ങിയവർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികാരികൾ തയാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.








